മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം; കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്
കൊച്ചി: മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ് ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം. "ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തതല്ല. തിരക്കഥ വായിക്കാതെ ആരും അഭിനയിക്കില്ല," എന്നാണ് രഘുനാഥ് പറഞ്ഞത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളാണ് വിവാദമായത്. മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രം റിലീസായ 48 മണിക്കൂറിനുള്ളില്‍ ആഗോള ബോക്‌സോഫീസില്‍ നിന്ന് 100 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ നേടിയ ചിത്രം കൂടിയായി. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ 'ലിയോ'യുടെ 12 കോടി രൂപ മറികടന്ന്, 15 കോടി രൂപയാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.